ചേമ്പിലപ്പലഹാരം Chempila Palaharam

കർക്കിടക മാസത്തിൽ ഇലക്കറികൾക്ക് പ്രത്യേക പ്രാധാന്യമുണ്ടല്ലോ . മത്തൻ കുമ്പളം ചീര തഴുതാമ പയർ തകര ചേനയില ചേമ്പില തുടങ്ങിയ ഇലകൾ തോരൻ വച്ച് കഴിക്കാറുണ്ട് . ഞാനിന്ന് തയ്യാറാക്കിയിരിക്കുന്നത് ചേമ്പില കൊണ്ടുള്ള ഒരു പലഹാരമാണ് .രണ്ടു തരത്തിൽ ഇത് ഉണ്ടാക്കാറുണ്ട് . എനിക്ക് കൂടുതൽ ഇഷ്ടമായ രീതി ആണിത് .കർക്കിടകത്തിൽ മാത്രമല്ല ചേമ്പില ഉപയോഗിക്കാൻ പറ്റുന്ന സമയതൊക്കെ ഞാനിത് ഉണ്ടാക്കാറുണ്ട്

ചേമ്പിലപ്പലഹാരം Chempila Palaharam

ചേമ്പില.. ഇടത്തരം ഒന്ന്
പച്ചരി .. ഒരു നാഴി
ഇഡ്ഢലി മാവ് .. ഒരു തവി
വറ്റൽ മുളക് .. 10 എണ്ണം ( എരിവ് അനുസരിച്ച് )
വാളൻപുളി .. ഒരു വലിയ നെല്ലിക്ക വലുപ്പം
മഞ്ഞൾപ്പൊടി .. അര ടീസ്പൂൺ
കായപ്പൊടി .. അര ടീസ്പൂൺ
ഉപ്പ് ,

വെളിച്ചെണ്ണ
മട്ട അരി …. അര ടീസ്പൂൺ
ഉഴുന്നുപരിപ്പ് … അര ടീസ്പൂൺ
തേങ്ങ ചിരകിയത് …. ഒരു കപ്പ്
കടുക് , വറ്റൽമുളക് ,കറിവേപ്പില , പഞ്ചസാര

വാഴയില വാട്ടിയത്

തയ്യാറാക്കുന്ന വിധം

അരി കഴുകി 4 മണിക്കൂർ കുതിർക്കുക . അരിയും മുളകും പുളി അല്പം വെള്ളത്തിൽ കുതിർത്തതും മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്ത് അധികം അയവില്ലാതെ അരച്ചെടുക്കുക .ഇതിലേക്ക് ഇഡ്ഢലി മാവ് ചേർക്കുക . പാകത്തിന് ഉപ്പ് ചേർക്കുക .

ചേമ്പില നന്നായി കഴുകി , ഇലയുടെ പുറകിലെ തണ്ട് കളഞ്ഞ് തോരന് അരിയുന്ന പോലെ അരിഞ്ഞ് മാവിൽ ചേർത്തിളക്കുക

വാഴയിലയിൽ അട പോലെ മാവ് പരത്തി ഇല മടക്കി അട വേവിച്ചെടുക്കക

വെന്ത അട ഒന്നു ചൂടാറി കഴിയുമ്പോൾ ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചെടുക്കുക

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ ആദ്യം അരി ഉഴുന്ന് പരിപ്പ് ചേർത്ത് , കടുക് വറ്റൽമുളക് ചേർത്ത് വറവിട്ട് കറിവേപ്പില തേങ്ങ ചേർത്ത് ഒന്നു മൂപ്പിച്ചെടുക്കുക . (തേങ്ങ ചുവന്ന നിറം ആകേണ്ട .)

ഇതിലേക്ക് അട ചേർത്തിളക്കി യോജിപ്പിക്കുക. നേർത്ത മധുരം ഇഷ്ടമാണെങ്കിൽ അല്പം പഞ്ചസാര വിതറി ഇളക്കിയെടുക്കുക .ചൂടോടെ കഴിക്കാം