തേങ്ങ വരുത്തരച്ച വെണ്ടക്ക കറി

Thenga Varutharacha Vendakka Curry – തേങ്ങ വരുത്തരച്ച വെണ്ടക്ക കറി

തേങ്ങ വരുത്തരച്ച വെണ്ടക്ക കറിക്ക് ഒരു പ്രത്യേക ടേസ്റ്റാണ്. ഊണിൽ ഉപ്പേരിയോ മറ്റോ ഒന്നും ഇല്ലെങ്കിലും ഈ കറി മാത്രം മതി.അത്രക്ക് രുചിയാണ്. സംശയം ഉണ്ടെങ്കിൽ ഒന്നു പരീക്ഷിച്ചു നോക്കൂ….

ചിലയാളുകൾ ഈ കറി എത്ര തവണ ഉണ്ടാക്കിയാലും ശരിയാകുന്നില്ല എന്ന പരാതി കേട്ടിട്ടുണ്ട്. ഇനി ഇങ്ങനെയൊന്നു നോക്കൂ.

വെണ്ടക്ക – അരക്കിലോ.
തേങ്ങ – 1.
മുളക്പൊടി – രണ്ടര സ്പൂണ്.
മല്ലിപ്പൊടി – 2 സ്പൂണ്
മഞ്ഞപൊടി – 1 സ്പൂണ്
ഉള്ളി – 2.
തക്കാളി – 2.
പച്ചമുളക് – 2.
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്.
പുളിവെള്ളം – കാൽ കപ്പ്.
വെളിച്ചെണ്ണ – 4 ടീസ്പൂണ്.
ചെറിയ ഉള്ളി – 3 എണ്ണം.
വെളുത്തുള്ളി – 4 അല്ലി.
കറിവേപ്പില.
ഉപ്പു.

വെണ്ടക്ക കഴുകി 2 ഇഞ്ചു നീളത്തിൽ അരിഞ്ഞു ചീനച്ചട്ടിയിൽ മോരിച്ചെടുക്കുക.

ചീനച്ചട്ടി ചൂടായ ശേഷം അല്പം വെളിച്ചെണ്ണ ഒഴിച്ചു തേങ്ങ,ചെറിയ ഉള്ളി,വെളുത്തുള്ളി എന്നിവ ചേർത്ത് വറുക്കുക,ബ്രൗണ് നിറമാകുമ്പോൾ അര സ്പൂണ് മഞ്ഞപൊടി,ഒന്നര സ്പൂണ് മുളക്പൊടി,2 സ്പൂണ് മല്ലിപ്പൊടി വന്നിവ ചേർത്തു 1 മിനുറ്റ് കൂടി വറുക്കുക.ചൂടാറിയ ശേഷം മിക്സിയിൽ അല്പം വെള്ളം ചേർത്തു നല്ലവണ്ണം അരച്ചെടുക്കുക.

കറി ഉണ്ടാകാനുള്ള പാത്രം ചൂടായ ശേഷം 2 സ്പൂണ് വെളിച്ചെണ്ണ ഒഴിച്ചു ഉള്ളി,തക്കാളി,മുളക്,കറിവേപ്പില വന്നിവ വഴറ്റുക

മസാല ഒന്നു വഴന്ന ശേഷം അര സ്പൂണ് മഞ്ഞപൊടി,ഒരു സ്പൂണ് മുളക്പൊടി ചേർത്തു വീണ്ടും വഴറ്റുക.

ഇനി പുളിവെള്ളം ചേർക്കുക.തിളച്ച ശേഷം
അരച്ചുവെച്ച തേങ്ങയും ആവശ്യത്തിനു ഉപ്പും ചേർക്കുക.ആവശ്യത്തിനു വെള്ളം മാത്രം ഒഴിക്കുക.വെള്ളം കൂടുന്നതിനനുസരിച്ചു കറിയുടെ ടേസ്റ്റ് കുറയും.

തിളച്ചു തുടങ്ങുമ്പോൾ മൊരിയിച്ചു വെച്ച വെണ്ടക്ക ചേർത്തു 2 മിനുറ്റ് വേവിക്കുക

ഇനി അല്പം വെളിച്ചെണ്ണയിൽ കടുക്,കറിവേപ്പില, ഉണക്ക മുളക് ചെയ്ത് വറവിടുക

സ്വാദിഷ്ടമായ വെണ്ടക്ക കറി തയ്യാർ