ഓലൻ Olan

ഓലൻ Olan ആണ് ഇന്ന് തയ്യാറാക്കിയിരിക്കുന്നത് . ഓലൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല എന്നാണ് തോന്നുന്നത് . തേങ്ങാപ്പാലിൽ വെന്ത് നേർത്ത മധുരത്തോടെ … പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർന്ന ഹൃദ്യമായ വാസനയോടെ ഉളള നമ്മുടെ സ്വന്തം ഓലൻ .

ഓലന് പകരമായി ഉരുളക്കിഴങ്ങ് ഇഷ്ടുവും (സ്റ്റ്യൂ ) ഉണ്ടാക്കുന്നുണ്ട് . എരിശ്ശേരി അല്ലെങ്കിൽ കൂട്ടുകറി എന്ന പോലെ . ചില സ്ഥലങ്ങളിൽ കുമ്പളങ്ങയും പയറും മാത്രം … മറ്റു ചില സ്ഥലങ്ങളിൽ അച്ചിങ്ങ പയർ ചേർത്തും … കൂടാതെ മത്തങ്ങയും കൂടി ചേർത്തും ഓലൻ ഉണ്ടാക്കും . എന്തു തന്നെ ആയാലും ഓലന്റെ സ്വാദ് ഒന്നു വേറെ തന്നെയാണ് .സദ്യയുണ്ണുമ്പോൾ ഓരോ കറികളും കൂട്ടിയതിനു ശേഷം ഓലൻ കഴിച്ചിട്ട് അടുത്ത കറി കൂട്ടിയാൽ ആ വിഭവത്തിന്റെ സ്വാദ് പൂർണ്ണമായി നമുക്ക് അറിയാൻ കഴിയുമത്രെ . കേട്ടറിവാണ് കേട്ടോ .
കുമ്പളങ്ങ .അരക്കിലോ
പച്ചമത്തങ്ങ. കാൽ കിലോ
വൻ പയർ . ഒരു കൈക്കുമ്പിൾ
പച്ചമുളക് . 3 എണ്ണം
തേങ്ങയുടെ ഒന്നാം പാൽ . കാൽ ലിറ്റർ
രണ്ടാം പാൽ . അര ലിറ്റർ
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ . ഒരു വലിയ സ്പൂൺ

തേങ്ങാപ്പാലിന് .പച്ചതേങ്ങ ഇടത്തരം ഒന്ന്

ഒന്നാംഘട്ടം
1.വൻ പയർ നേരത്തെ തന്നെ കഴുകി കതിർത്തെടുക്കുക
2.കുമ്പളങ്ങ വൃത്തിയാക്കി ചെറിയ ചതുര കഷ്ണങ്ങളായി കനം കുറച്ചരിഞ്ഞ് വെയ്ക്കുക
3.മത്തങ്ങയും വൃത്തിയാക്കി ചെറിയ
ചതുര കഷ്ണങ്ങളായി കനം കുറച്ച് മുറിച്ചു വെയ്ക്കുക
4. തേങ്ങ ചിരകി മിക്സിയിൽ ചതച്ചെടുത്ത് ഒന്നാം പാൽ പിഴിഞ്ഞ് എടുത്ത് വെയ്ക്കുക .കുറച്ച് വെള്ളം ചേർത്ത് ചതച്ച് രണ്ടാം പാലും എടുക്കുക

രണ്ടാം ഘട്ട
വൻപയർ പാകത്തിന് മാത്രം വെള്ളം ചേർത്ത് മുക്കാൽ വേവിൽ വേറെ പാത്രത്തിൽ വേവിച്ചെടുക്കുക . പയർ വേവിക്കുമ്പോൾ വെള്ളത്തിന് ഉണ്ടാകുന്ന നിറം, അത് ഓലനിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് വേറെ വേവിക്കുന്നത്. അതേ സമയം പയറിലെ പോഷകങ്ങൾ വെള്ളത്തിലൂടെ നഷ്ടപ്പെട്ട് പോകാതിരിക്കാൻ പാകത്തിന് മാത്രം വെള്ളം ചേർത്ത് വേവിച്ചെടുക്കുകയും ചെയ്യുന്നു .

കുമ്പളങ്ങ, പച്ചമുളക് നീളത്തിൽ കീറിയത് എന്നിവ രണ്ടാം പാൽ ചേർത്ത് വേവിക്കുക . ഒരു തിള വന്നാൽ മത്തൻ കൂടി ചേർക്കാം .പാല് പിരിയാതെ ,ഇടയ്ക്കിടെ ഇളക്കി കൊടുത്ത് ചെറുതീയിൽ കഷ്ണം വേവിച്ചെടുക്കണം .

ഇത് മുക്കാൽ വേവ് ആയാൽ ആദ്യം വേവിച്ച് വച്ചിരിക്കുന്ന വൻപയർ കൂടി ചേർത്ത് പാകത്തിന് ഉപ്പും ചേർക്കുക.

മൂന്നാം ഘട്ടം

കുമ്പളങ്ങയും മത്തങ്ങയും വൻപയറും രണ്ടാം പാലിൽ വെന്ത് പച്ചമുളകിന്റെ നേർത്ത എരിവും പാകത്തിന് ഉപ്പും ആയി കഴിഞ്ഞല്ലോ . രണ്ടാം പാലും ഏകദേശം മുഴുവനായും വറ്റിയിട്ടുണ്ടാകും .

ഒന്നാം പാൽ ചേർത്ത് ഇളക്കി നല്ലവണ്ണം യോജിപ്പിക്കുക . ചെറുതീയിൽ മെല്ലെ ഇളക്കി കൊടുക്കാം . തിള വരുകയേ വേണ്ട കേട്ടോ . കറിവേപ്പില ചേർക്കാം . ഒരു വലിയ സ്പൂൺ നിറയെ വെളിച്ചെണ്ണ ഒഴിച്ച് അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം
ഓലൻ തയ്യാർ. ഈ അളവിൽ 7 പേർക്ക് വിളമ്പാൻ ഉള്ളത് ഉണ്ടാകും

 

ഓലൻ Olan Ready

Pavithra Rajesh