ബീഫ് കറിയുടെ അതേ ടെസ്റ്റിൽ ഇടിച്ചക്ക കൊണ്ട് ഒരു കറി ഉണ്ടാക്കിയാലോ…
ചേരുവകൾ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.
ഇടിച്ചക്ക : ചക്കയുടെ പകുതി
സവോള ചെറുതായി അരിഞ്ഞത്: 2 എണ്ണം
വെളുത്തുള്ളി: 7 അല്ലി
ഇഞ്ചി: ഒരു ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് : ഒരെണ്ണം
കറിവേപ്പില: 3 തണ്ട്
മുളകുപൊടി: 2 ടീസ്പൂൺ
ഇറച്ചി മസാല: 1.5 ടീസ്പൂൺ
മല്ലിപൊടി: ഒന്നര ടീസ്പൂൺ
മഞ്ഞൾപൊടി: കാൽ ടീസ്പൂൺ
കുരുമുളക് പൊടി: അര ടീസ്പൂൺ
ഉപ്പ്, വെള്ളം: ആവശ്യത്തിന്
വെളിച്ചെണ്ണ: 6 ടീസ്പൂൺ
കടുക്: കാൽ ടീസ്പൂൺ
ഒരു പകുതി ഇടിച്ചക്ക ചെത്തി കഴുകി ചെറുതായി അരിഞ്ഞെടുക്കുക.
ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് ചെറുതായി ഇളക്കുക.
ഇനി ഒരു പാൻ ചൂടാക്കി 4 ടീസ്പൂൺ എണ്ണയും ഒഴിച്ച് അരിഞ്ഞു വെച്ച ചക്ക 10 to 15 മിനുട്സ് നന്നായി വഴറ്റി എടുക്കുക. അതിനു ശേഷം ഒരു പ്ലേറ്റിലേക്കു കോരി മാറ്റുക.
ഇനി ഒരു പാൻ ചൂടാക്കി രണ്ടു ടീസ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്കു അരിഞ്ഞു വെച്ച സവോള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, ഉപ്പ് എന്നിവ ഇട്ടു വഴറ്റുക. ഇതിലേക്ക് മുളക് പൊടി, മല്ലി പൊടി, ഇറച്ചി മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് വീണ്ടു വഴറ്റുക. പച്ചമണം മാറുമ്പോൾ ഒരു ഗ്ലാസ് ചൂട് വെള്ളം ചേർത്ത് വീണ്ടും നന്നായി ഇളക്കുക.
വെള്ളം നന്നായി തിളക്കുമ്പോൾ വഴറ്റി വെച്ച ചക്ക ഇതിലേക്ക് ഇട്ടു കൊടുക്കുക. മീഡിയം തീയിൽ മൂടി വെച്ച് പത്തു മിനിറ്റു നേരം വേവിക്കുക. ഒരു തണ്ടു കറിവേപ്പില കൂടി ചേർക്കുക. വെള്ളം നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക.
അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം.