സുഖിയൻ Sukhiyan

Sukhiyan

ആവശ്യമുള്ള സാധനങ്ങൾ

ചെറുപയർ – 1/2 കിലോ
ശർക്കര. – 350 ഗ്രാം
ജീരകം. – 1 ടീസ്പൂൺ
ഏലയ്ക്ക – 5 എണ്ണം
അരിപ്പൊടി – 5 ടീസ്പൂൺ
മൈദാ – 200 ഗ്രാം
എണ്ണ – വറുക്കാൻ ആവശ്യത്തിന്
പഞ്ചസാര. – 2 ടീസ്പൂൺ
സോഡാപ്പൊടി – 2 നുള്ള്
ഫുഡ് കളർ (മഞ്ഞ)- 1/4 ടീസ്പൂൺ(മഞ്ഞൾപൊടി ആണെങ്കിലും മതി)

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുപയർ നന്നായി കഴുകി വാരി മുക്കാൽ വേവിൽ വേവിച്ചെടുക്കുക.(വെള്ളമുണ്ടെങ്കിൽ വാർത്തെടുക്കുക).അതിനുശേഷം ശർക്കര പൊടിച്ചു വെള്ളമൊഴിച്ചു ശർക്കര പാനി ഉണ്ടാക്കുക.ശർക്കര പാനി കുറുകി വരുമ്പോൾ അതിലേയ്ക്ക് ജീരകവും ഏലയ്ക്കയും പൊടിച്ചു ചേർക്കുക.അതിനുശേഷം വാർത്തുവെച്ചിരിക്കുന്ന ചെറുപയർ ശർക്കര പാനിയിലേയ്ക്ക് ചേർത്തിളക്കുക.ശർക്കര പാനി കൂടുതൽ ഉണ്ടെങ്കിൽ പറ്റി വരുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക.നന്നായി മുറുകി വരുമ്പോൾ വാങ്ങി വെയ്ക്കാം.അല്പം ചൂടാറിയതിനു ശേഷം അരിപ്പൊടി വിതറി നന്നായി ഇളക്കുക.അതിനുശേഷം ഓരോ ചെറിയ ഉരുളകളാക്കി വെയ്ക്കുക.ഇനി മുക്കിപ്പൊരിക്കാനുള്ള മാവ് കോട്ടണം,അതിനായി മൈദയും, പഞ്ചസാരയും ,സോഡാപ്പൊടിയും മഞ്ഞ കളർപൊടിയും (കളർപൊടി ഇല്ലെങ്കിൽ അല്പം മഞ്ഞൾപൊടി ചേർത്താലും മതി)ചേർത്ത് വെള്ളമൊഴിച്ചു മുക്കി വറുക്കാൻ പാകത്തിന് നന്നായി മിക്സ് ചെയ്തു വെക്കുക.അതിനുശേഷം ചീനച്ചട്ടിയിൽ (ഇരുമ്പ് ചീനച്ചട്ടി ആണെങ്കിൽ എണ്ണ അധികം കുടിക്കില്ല)എണ്ണ ഒഴിച്ച് നന്നായി ചൂടായികഴിയുമ്പോൾ ഓരോരോ ഉരുളകൾ കോട്ടിയ മാവിൽ മുക്കി എണ്ണയിൽ നന്നായി വറുത്തു കോരുക.അധികം മൂപ്പിക്കരുത് വറുത്തു കോരുമ്പോൾ മഞ്ഞ കളറിൽ തന്നെ ഇരിക്കണം.അല്പം ചൂടാറികഴിഞ്ഞാൽ സ്വാദിഷ്ടമായ സുഖിയൻ കഴിക്കാം,