Pulled Apart Chicken Dry Fry with Red Chillies
കുറച്ചായി ചിക്കൻ കാണുന്നതെ ദേഷ്യം ആയി തുടങ്ങിയിരുന്നു.
നാട്ടിൽ വെക്കേഷന് പോയപ്പോഴും തിരിച്ചു വന്നപ്പോഴും എന്തോ ചിക്കനോട് ഒരു മടുപ്പ് മനസ്സിൽ തളം കെട്ടി നിന്നു.
രണ്ടര മാസമായി മീനും വെജിറ്റബിൾ വിഭവങ്ങളും മാത്രം കഴിച്ചു അങ്ങനെ വിരാചിച്ചു ഇരിക്കുമ്പോഴാണ് ഇന്നലെ ചിക്കൻ ഒന്നു വാങ്ങാം എന്ന് തോന്നിയത്
പക്ഷെ എന്തുണ്ടാക്കും?
ചിക്കൻ കറി, ചിക്കൻ ചില്ലി, കുറുമ, ഗ്രിൽഡ്, തന്തൂരി, കടായി,ബിരിയാണി എല്ലാം മടുപ്പ് തന്നെ
എന്നാ പിന്നെ ഒരു പഴയ ഐറ്റം ഉണ്ട്. ഒന്നു മോഡിഫൈ ചെയ്ത് പരീക്ഷിക്കാം എന്നു തീരുമാനിച്ചു.
നാട്ടിൽ എം ഇ എസ് സ്കൂളിൽ ജോലിചെയ്യുമ്പോൾ ആണ് ഒരു ഫാമിലി ഫ്രൻഡിന്റെ വീട്ടിൽ അതിഥിയായി ഒരു രാത്രി തങ്ങേണ്ടി വന്നത്.
വീട്ടിൽ സ്വന്തമായി എല്ലാ വിലകൂടിയ മദ്യങ്ങളുടെയും ശേഖരത്തോട് കൂടിയ ചെറിയൊരു ബാർ ഒക്കെ ഉള്ള ആളായിരുന്നു സുഹൃത്തിന്റെ അച്ഛൻ.
രാത്രി ഭക്ഷണം കഴിക്കുന്നതിനു മുന്നേ ഡൈനിങ് ടേബിളിൽ ബ്ലൂ ലേബൽ മദ്യത്തോടൊപ്പം നല്ല എരിവുള്ള സ്നാക്സുകൾ ഉണ്ടായിരുന്നു.
ഹോട്ട് കഴിക്കാത്ത എനിക്കായി ഒരു ബീയർ കരുതിയിരുന്നു.
വീട്ടിൽ കുടുംബാംഗങ്ങൾ ക്കൊപ്പം ഒന്നിച്ചിരുന്നു മദ്യപിക്കുന്നത് സിനിമയിൽ മാത്രമേ കണ്ടിരുന്നുള്ളൂ മുന്നേ.
(മദ്യ ഉപയോഗം ആരോഗ്യത്തിനു ഹാനികരം)
അന്ന് അവിടെ വിളമ്പിയ വിവിധ വിഭവങ്ങൾക്കൊപ്പം ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു ചിക്കൻ വിഭവം ഒരിക്കലും മടുപ്പു തോന്നാത്ത വ്യത്യസ്ഥതയുള്ള ഒന്നായിരുന്നു.
ചുവന്ന മുളക് അഥവാ ഉണക്ക മുളക് മാത്രം ചേർത്തു ചിക്കിയെടുക്കുന്ന ചിക്കൻ വറുവാൽ ആയിരുന്നു അത്.
ആ സ്വാദിനെ മനസ്സിൽ ഓർത്തു അതിലും കേമമായി നമ്മുടേതായ ശൈലിയിൽ ഒരു മുളക് ചിക്കൻ വറുവാൽ ഇന്ന് ഉച്ചഭക്ഷണത്തിന് ഉണ്ടാക്കി
ഒരു പ്ളേറ്റ് ചോറ് ഓടി ഓടി തീർന്നു.
ഉണ്ടാക്കിയ വിധം ഇനി പറയാം.
1)ഒരു കിലോ ബോൺലസ് ചിക്കൻ.
2) 30 വറ്റൽ മുളക്
3) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ടു സ്പൂണ്
4) വെണ്ണ 4 സ്പൂണ്
5)കുഞ്ഞുള്ളി 15 എണ്ണം ചതച്ചത്
6)കുരുമുളക് ചതച്ചത് 1 സ്പൂണ്
7)പെരും ജീരകം ഒരു നുള്ള്
8) കറിവേപ്പില
9) ഉപ്പ്
ഒരു വിരൽ നീളത്തിൽ മുറിച്ച ചിക്കനിൽ ചുവന്ന മുളക് മൂന്നായി മുറിച്ചത് (പിച്ചി ഇട്ടത്), വെളുത്തുള്ളി ഇഞ്ചി, രണ്ടു പച്ചമുളക്, പെരും ജീരകം, കുറച്ചു കറിവേപ്പില എന്നിവ അരച്ച പേസ്റ്റ്, ചതച്ച കുഞ്ഞുള്ളി, ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ടു മിക്സ് ചെയ്തു അരമണിക്കൂർ വെക്കുക.
മൂട് കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ അതിൽ രണ്ടു സ്പൂണ് വെണ്ണ ചേർക്കുക.
ചൂടാവുമ്പോൾ മിക്സ് ചെയ്തു വെച്ച ചിക്കൻ ഇട്ട് അടിയിൽ പിടിക്കാതെ ഇളക്കി കൊണ്ടിരിക്കുക. പതിയെ ചിക്കൻ വേവുന്നതിനനുസരിച്ചു ഇളക്കി ഉടച്ചു നാരുകൾ പോലെ ആക്കി എടുക്കണം.
ചിക്കനിൽ ഉള്ള വെള്ളം വറ്റുമ്പോഴേക്കും വെന്തു ഉണക്കമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒക്കെ ചിക്കനിൽ പിടിച്ചു ഗോൾഡൻ കളർ ആയി വരും.
ചിക്കൻ നാരുകൾ നല്ലപോലെ മുരിഞ്ഞു വരുമ്പോൾ ബാക്കി വെണ്ണ കൂടി ചേർത്തു ഒരു പിടി കറി വേപ്പില, മൂന്നു പച്ച മുളക് നെടുകെ പിളർന്നത് എന്നിവ ചേർത്തു ഒന്നുകൂടി മൂപ്പിചെടുക്കുക.
ചൂടോടെ ബൗളിലേക്ക് പകർന്നു ഉപയോഗിക്കുക.