ഇതൊരു തനി നാടൻ വിഭവമാണ് കേട്ടോ. അര കിലോ കൊഞ്ച് വൃത്തിയാക്കി അര ടി സ്പൂൺ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് കുറച്ചു വെള്ളമൊഴിച്ചു 10 മിനിട്ട് വേവിച്ചു മാറ്റിവെക്കുക.
അര മുറിതേങ്ങ ചിരകിയതിലേക്ക് ഒരു സ്പൂൺ മുളകുപൊടി ഒരു സ്പൂൺ മല്ലിപ്പൊടി ഒരു നുള്ള് ഉലുവപ്പൊടി ഒരു കുഞ്ഞുള്ളി എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കുക.(മിക്സിയുടെ എതിർ സൈഡിലേക്ക് നോബ് തിരിച്ചു ക്രഷ് ചെയ്താൽ മതി.)കുറച്ചു കറിവേപ്പിലയും മൂന്നുനാലു പച്ചമുളകും കൂടി ചേർത്ത് ചതച്ചാൽ ഒരു പ്രത്യേക രുചി കിട്ടും.ഒരു ഇടത്തരം മാങ്ങ ചെറുതായി അരിഞ്ഞു അൽപ്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കുറച്ചു വെള്ളത്തിൽ വേവിക്കുക. പകുതി വേവാകുമ്പോൾ വേവിച്ചു വെച്ചിരുന്ന കൊഞ്ചും തേങ്ങ ചതച്ചതും ചേർത്ത് നന്നായി ഇളക്കി 10 മിനിട്ട് മൂടി വേവിക്കുക. ഇടക്ക് മൂടി തുറന്നു അടിയിൽ പിടിക്കാതെ ഇളക്കികൊടുക്കുക.അവശ്യത്തിന് ഉപ്പും ചേർക്കുക.കൊഞ്ചും മാങ്ങയും കുക്കായി വെള്ളം വറ്റിയ ശേഷം മൂന്നു നാല് പച്ചമുളക് നെടുകെ മുറിച്ചു കറിവേപ്പിലയും ചേർത്ത് നന്നായി ഒന്നിളക്കിയെടുക്കുക. ചൂട് ചോറിന്റെ കൂടെ കഴിക്കാം
Shrimp with Green Mango Ready 🙂