Beef Ularthiyathu – ബീഫ് ഉലർത്തിയത്
നമ്മുടെ “പൊതുവികാരമായ” ബീഫിന്റെ ഏറ്റവും നല്ല രുചിയാണ് ബീഫ് ഉലർത്തിയത്. നാളികേരകൊത്ത് അതിനൊരു അഴക്/ഹൈലൈറ്റ് ആകും എന്നുമാത്രം. ഇന്നലെ ഡയറ്റിനോട് സുല്ല് പറഞ്ഞ ദിവസം ആയത് കൊണ്ട് ബീഫ് ഉണ്ടാക്കി ആഘോഷിക്കാം എന്ന് കരുതി.
ആക്രാന്തം മൂത്ത് ഒറ്റക്ക് ഒരു ബൗൾ അകത്താക്കി.
ചേരുവകൾ
1. ബീഫ് -1Kg
2. സവാള – 2 എണ്ണം
3. പച്ചമുളക് – 5 എണ്ണം
4. ഇഞ്ചി – ഇടത്തരം കഷ്ണം
5. വെളുത്തുള്ളി – ഒരു മുഴുവൻ(വലുത്)
6. കറിവേപ്പില
7. മല്ലിപ്പൊടി – 4 ടേബിൾ സ്പൂൺ
8. മഞ്ഞൾ പൊടി- 1 ടീസ്പൂൺ
9. ഇറച്ചി മസാല – 3 ടേബിൾ സ്പൂൺ
10. മുളക് പൊടി- 2 ടേബിൾ സ്പൂൺ
10. ഗരം മസാല പൊടി- 1 ടേബിൾ സ്പൂൺ
11. കുരുമുളക് പൊടി- 1 ടേബിൾ സ്പൂൺ
12. നാളികേരകൊത്ത് – അര മുറി നാളികേരത്തിന്റെ
ബീഫ് ഞാൻ മൺചട്ടിയിൽ ആണ് വേവിച്ചെടുത്തത്. കുക്കറിലും ചെയ്യാം. പക്ഷേ ഇതാണ് കൂടുതൽ ടേസ്റ്റ് എന്ന് തോന്നുന്നു. മൺചട്ടിയിൽ നന്നായി കഴുകി എടുത്ത ബീഫിലേക്ക് ഒരു സവാള അരിഞ്ഞത്, കറിവേപ്പില, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്(പകുതി/മറ്റെ പകുതി അരിഞ്ഞ് രണ്ടാമത്തെ സെഷനിൽ ചേർക്കാൻ ഉള്ളതാണ്), 1.5 ടീസ്പൂൺ ഇറച്ചി മസാല, 2 ടീസ്പൂൺ മല്ലിപ്പൊടി, 1 ടേബിൾ സ്പൂൺ മുളക് പൊടി, അര ടേബിൾസ്പൂൺ കുരുമുളക് പൊടി, അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, അര ടേബിൾ സ്പൂൺ ഗരം മസാലപ്പൊടി, നാളികേരകൊത്ത് (പകുതി), ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിച്ച് വറ്റിച്ചെടുക്കുക.
മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക് വറുക്കുക. അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, കറിവേപ്പില, എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. അതിനുശേഷം 1 ടേബിൾ സ്പൂൺ മുളക് പൊടി, 2 ടേബിൾ സ്പൂൺ മല്ലി പൊടി, 1.5 ടേബിൾ സ്പൂൺ ഇറച്ചി മസാല, അര ടേബിൾ സ്പൂൺ ഗരം മസാലപ്പൊടി, അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, അര ടേബിൾ സ്പൂൺ കുരുമുളക് പൊടി, ബാക്കി പകുതി നാളികേര കൊത്ത് എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുത്ത് അതിലേക്ക് വറ്റിച്ചെടുത്ത ബീഫ് ചേർത്ത് ഇളക്കി യോജിപ്പിച്ച് വരട്ടിയെടുക്കുക. ബീഫ് ഉലർത്തിയത് റെഡി