ഈ കറിയെ ഞങ്ങടെ നാട്ടിൽ ചിലരൊക്കെ മാമ്പഴ പുളിശ്ശേരി എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് പച്ചടിയാണ്.
അഞ്ചാറ് നല്ല കുഞ്ഞു നാടൻ മാമ്പഴം തൊലി പൊളിച്ചു കളഞ്ഞ് അര ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, രണ്ട് അച്ച് ശർക്കര ( ഇവിടെ അച്ച്, ആണി എന്നൊക്കെയായിട്ടാണ് ശർക്കര കിട്ടുക, ഉണ്ടയല്ല. ഫോട്ടോ ഇട്ടിട്ടുണ്ട്), പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് അല്പം വെള്ളമൊഴിച്ച് ഒരു കുക്കറിൽ വേവിക്കുക. രണ്ടുമൂന്നു വിസിൽ മതിയാകും. അതിലേക്ക് അര മുറി തേങ്ങ ചിരവിയതും, അര കപ്പ് അധികം പുളിയില്ലാത്ത തെെരും, മുക്കാൽ ടീസ്പൂൺ കടുകും ചേർത്തരച്ചത് ഒഴിക്കുക. തേങ്ങ നല്ലവണ്ണം അരഞ്ഞതിനു ശേഷമേ കടുക് ചേർക്കാവൂ. കടുകൊന്നു ക്രഷ് ആയാൽ മതി. വെള്ളം കൂടിപ്പോകരുത്. മധുരം പോരെങ്കിൽ (പുളി അധികമുണ്ടെങ്കിൽ) അല്പം പഞ്ചസാര ചേർക്കാം. വാങ്ങി വെച്ച് കടുക്, മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ചൊഴിക്കുക. തേങ്ങ അരക്കുന്നതിൽ ചിലർ പച്ചമുളക് ചേർക്കാറുണ്ട്. ഞാൻ ചേർത്തിട്ടില്ല.
മാമ്പഴ പച്ചടി Mango Pachadi Mango Pulisseri Ready 🙂