പഴുത്ത മുളക് അച്ചാർ Red Chilli Pickle

ചുവന്നമുളക് – 1 കിലോ
ഉപ്പ് – 1/4 കിലോ (പൊടിയുപ്പോ കല്ലുപ്പോ ഉപയോഗിക്കാം).
വാളൻ‌പുളി – 1/4 മുതൽ 1/2 കിലോ വരെ (എരിവു തീരെകുറവും പുളി കൂടുതലും വേണ്ടവർ 1/2 കിലോ ഉപയോഗിക്കാം. അല്ലെങ്കിൽ ആദ്യമുണ്ടാക്കുമ്പോൾ 1/4 കിലോ പുളിയിൽ ഉണ്ടാക്കി നോക്കിയിട്ട് പോരായെന്നു തോന്നുകയാണെങ്കിൽ കൂടുതൽ ചേർക്കാം).

മുളക് ഞെട്ടു കളയാതെ തന്നെ വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. അതിനു ശേഷം നന്നായി തുടച്ച് ഞെട്ടും കളഞ്ഞ് ഫാനിന്റെ കീഴിൽ 1-2 മണിക്കൂർ ഉണക്കിയെടുക്കുക.

മുളകും കല്ലുപ്പും കൂടി മിക്സിയിൽ ചതച്ചെടുക്കുക. നല്ലതു പോലെ അരച്ചെടുക്കേണ്ട ആവശ്യമില്ല.
എന്നിട്ട് ഒരു കുപ്പിയിലോ ഭരണിയിലോ മുളകും വാളൻപുളിയും ഇടവിട്ട് ഇടവിട്ട് നിറച്ചു കാറ്റു കയറാത്തവിധത്തിൽ അടച്ചു സൂക്ഷിക്കുക.ഇത് മാസങ്ങളോളം കേടുകൂടാതിരിക്കും. 4-5 ദിവസമാകുമ്പോൾ അതിൽ നിന്ന് ഒരാഴ്‌ചത്തേക്ക് ഉപയോഗിക്കാൻ വേണ്ട അളവിൽ മുളകെടുത്ത് മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കുക. ഇനിയിതിൽ കടുകു വറുത്തൊഴിക്കണം.

കേരളാസ്റ്റൈലിൽ കപ്പയുടെ കൂടെ കൂട്ടാനാണെങ്കിൽ മുളകിൽ കടുകുവറുക്കാതെ, ഉള്ളിചതച്ചതും വെളിച്ചെണ്ണയും ചേർത്തിളക്കി പരീക്ഷിച്ചു നോക്കാം.

ഫ്രിഡ്ജിൽ വെച്ച മുളകുപയോഗിച്ച് അച്ചാറിട്ടാൽ കേടായി പോവാൻ സാധ്യതയുണ്ട്. അതിനാൽ വാങ്ങികൊണ്ടു വന്നു എത്രയും പെട്ടെന്നു ഉണ്ടാക്കിയാൽ അത്രയും നന്ന്.

Red Chilli Pickle Ready 🙂