20 മിനിറ്റിൽ ഒരു പെര്‍ഫെക്റ്റ് കറുത്ത ഹല്‍വ

സാധാരണ ഹല്‍വയുണ്ടാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി അരി അരയ്ക്കുകയോ മൈദയില്‍ നിന്നും പാല്‍ എടുക്കുകയോ ഒന്നും ചെയ്യാതെ വളരെ അനായാസമായി റാഗിപ്പൊടി വെച്ച്, അധികം നെയ്യോ എണ്ണയോ ചേര്‍ക്കാതെ ഒരു പെര്‍ഫെക്റ്റ് കറുത്ത ഹല്‍വ വീട്ടിൽ തയ്യാറാക്കാം.

ചേരുവകൾ
• റാഗിപ്പൊടി – 1 കപ്പ്
• ശർക്കര – 250 ഗ്രാം
• വെള്ളം – 2 1/2 കപ്പ്
• നെയ്യ് – 5-6 ടേബിൾസ്പൂൺ
• ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
• ഉപ്പ് – ഒരു നുള്ള്
• അണ്ടിപ്പരിപ്പ് – 10-15 എണ്ണം

തയ്യാറാക്കുന്ന വിധം
• ശര്‍ക്കര 1 1/2 കപ്പ് വെള്ളമൊഴിച്ച് ഉരുക്കി പാനിയാക്കി, അരിച്ച് തണുക്കാന്‍ മാറ്റി വെക്കുക.
• ഒരു പാന്‍ സ്റ്റൌവില്‍ വെച്ച് ചൂടാകുമ്പോള്‍ 2 ടേബിള്‍സ്പൂണ്‍ നെയ് ചേര്‍ത്ത് അണ്ടിപ്പരിപ്പ് ഗോള്‍ഡന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്ത് വെക്കുക.
• അടുത്തതായി ഹല്‍വ സെറ്റ് ചെയ്യാനുള്ള മോള്‍ഡ് നെയ് പുരട്ടി റെഡിയാക്കി വെക്കുക.
• ഇനി അരിച്ചെടുത്ത റാഗിപ്പൊടിയിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് ചൂടാറിയ ശര്‍ക്കര പാനിയുമായി യോജിപ്പിച്ച് അണ്ടിപ്പരിപ്പ് വറുത്ത് വെച്ച പാനിലേക്ക് ഒഴിക്കുക.
• ഇനി സ്റ്റൌ ഓണ്‍ ചെയ്ത് മീഡിയം തീയില്‍ വെച്ച് കൈയെടുക്കാതെ വരട്ടിയെടുക്കുക. ഇടയ്ക്കിടെ നെയ്യ് ചേർത്ത് കൊടുക്കാം. 20 മിനിറ്റിനുള്ളില്‍ നന്നായി കുറുകി വരും. ഈ സമയത്ത് ഏലയ്ക്കാപ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. സ്പൂണില്‍ കോരിയെടുത്ത് കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഈ സമയത്ത് സ്റ്റൌ ഓഫ് ചെയ്ത് മോള്‍ഡിലേക്ക് മാറ്റാം.
• മീഡിയത്തിനും ലോയ്ക്കും ഇടയില്‍ തീ ക്രമീകരിച്ച്, 1/2 ടേബിള്‍ സ്പൂണ്‍ നെയ് കൂടി ചേര്‍ത്ത്, 5 മിനിറ്റ് കൂടി വരട്ടിയെടുത്താല്‍ ബേക്കറിയില്‍ നിന്നും കിട്ടുന്ന പോലുള്ള അസ്സല്‍ കറുത്ത ഹല്‍വ റെഡി.
• ഇനി പെട്ടെന്ന് തന്നെ മോള്‍ഡിലേക്ക് മാറ്റി നെയ് തടവിയ സ്പൂണ്‍ വെച്ച് നിരപ്പാക്കി കൊടുക്കുക. നന്നായി തണുത്ത ശേഷം മുറിച്ചെടുക്കാം.

Deepa Shiju