Nenthrapazham Idiyappam – നേന്ത്രപ്പഴം ഇടിയപ്പം.

തേങ്ങ, ഗോതമ്പ്, നേന്ത്രപ്പഴം, പഞ്ചസാര ഇതെല്ലാം കൂടെ ചേർന്നൊരു പൂരമായിരുന്നു ഇന്ന്.

Nenthrapazham Idiyappam – നേന്ത്രപ്പഴം ഇടിയപ്പം.

റെസിപ്പി കണ്ടപ്പോ തന്നെ വായിൽ കപ്പലോടിച്ച് തുടങ്ങീതാ.

ആർത്തി മൂത്ത് പഴം മേടിക്കാൻ അയച്ചാള് കൊണ്ടുവന്നത് അധികം പഴുക്കാത്ത പഴം.

പിന്നെ രണ്ടു ദിവസം വച്ച് നോക്കി നോക്കി പഴുപ്പിച്ചു…

അപ്പൊ റെസിപ്പി…

നേന്ത്രപ്പഴം പഴുത്തത് – 2
പഞ്ചസാര – 3 ടേ. സ്പൂൺ
ഏലയ്ക്കാ – 4
ഗോതമ്പ് പൊടി – 5 – 6 ടേ. സ്പൂൺ
തേങ്ങ ചിരകിയത് – ആവശ്യത്തിലുമധികം
ഉപ്പ് – ഒരു നുള്ള്
നെയ്യ് / എണ്ണ – 1 ടീ. സ്പൂൺ

ഇനി..

പഞ്ചസാരയും ഏലയ്ക്കയുടെ കുരു മാത്രം മിക്സിയിൽ നല്ലപോലെ പൊടിച്ച് മാറ്റിവയ്ക്കുക.

പഴം നല്ലപോലെ ആവിയിൽ വേവിച്ച് കുരുവും നാരും കളഞ്ഞ് മിക്സിയിലടിച്ചെടുക്കുക.

ഇതിലേക്ക് ഗോതമ്പ് പൊടി, പകുതി പഞ്ചസാര, ഉപ്പ് എന്നിവയിട്ട് കുഴച്ചെടുക്കുക. ഗോതമ്പ് പൊടി ആദ്യം 4 ടേ. സ്പൂൺ ഇട്ട് കുഴയ്ക്കുക ആവശ്യമെങ്കിൽ കുറേശ്ശെ ഇട്ട് ഇട്ടിയപ്പത്തിനാവശ്യമായ മയത്തിൽ കുഴച്ചെടുക്കുക.

ഇതിലേക്ക് നെയ്യിട്ട് ഒന്നൂടെ കുഴച്ച് മാറ്റി വയ്ക്കുക.

ചിരകിയ തേങ്ങയിൽ ബാക്കി പഞ്ചസാര തിരുമ്മി ചേർക്കുക.

ഇനി തേങ്ങേടെ ലേയറിട്ട് ഇടിയപ്പം ഉണ്ടാക്കി എടുക്കുക.

കുറിപ്പുകൾ:

നല്ല പഴുത്ത നാടൻ നേന്ത്രപ്പഴമാണ് ഏറ്റവും നല്ലത്. നല്ല മഞ്ഞ കളറും ടേസ്റ്റും ഉണ്ടാവും.

നെയ്യോ എണ്ണയോ എന്തായാലും ചേർക്കണം. ഗോതമ്പ് പൊട്ടിയായോണ്ട് സേവനാഴിയിൽ ഒട്ടിപിടിക്കും. അതൊഴിവാക്കാനാ.

തേങ്ങ ഇഷ്ടമാണെങ്കിൽ നല്ലത് പോലെ ചേർത്തോളൂട്ടൊ.

 ഉപ്പും ഒഴിവാക്കരുത്.

ഗോതമ്പ് പൊടി കൂടാനോ കുറയാനോ പാടില്ല.
കുറഞ്ഞാൽ പിഴിയുമ്പോ പൊട്ടി പോവും. ഒരൽപം പിഴിഞ്ഞു നോക്കാ. പൊട്ടുന്നുണ്ടെങ്കിൽ അൽപം കൂടി പൊടി ചേർത്തു കൊടുക്കുക.

Minu Anish