ഞാനൊരു മധുരപ്രിയയാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും ഉണ്ടാക്കണമെന്ന് ആലോചിച്ചാൽ ആദ്യം മധുരത്തെ കുറിച്ചാണാലോചിക്കുക..
ഇതിപ്പൊ സംഭവം എന്താന്നറിയോ? ഒരു കുട്ട നിറയെ മാമ്പഴം. ഇവിടെ മാമ്പഴക്കാലമാണ്.. മാമ്പഴ മഴ എന്നൊക്കെ തോന്നിപ്പോവും.. എങ്ങോട്ട് തിരിഞ്ഞാലും മാമ്പഴം. എത്ര കഴിച്ചാലും കൊതി മാറില്ല. പലതരം. പല വലിപ്പത്തിൽ. എന്റെ ആശ്ചര്യ പ്രകടനങ്ങൾ സഹിക്കാൻ വയ്യാതെ തിന്ന് മരിക്ക് ന്നും പറഞ്ഞ് ഒരു കുട്ട മാമ്പഴം കൊണ്ടതന്നു എന്റെ ഭർത്താവ്
ഇനിപ്പൊ ഞാനെന്തു ചെയ്യും എന്നാലോചിച്ചു..
മാമ്പഴപപ്പടം, ജൂസ്, ലസ്സി, ഫിർണി, ജാം പിന്നെ കുറച്ച് മുറിച്ച് കഴിക്കാം എന്നിങ്ങനെ ലിസ്റ്റിട്ടു. പിന്നേം മാമ്പഴം ബാക്കി.
പുതുതായി എന്തെങ്കിലും ഉണ്ടാക്കണമെന്ന് കരുതി നെറ്റിൽ പരതിയപ്പോഴാ ഈ റെസിപ്പി കിട്ടിയത്. അപ്പൊ ഇനി നേരെ റെസിപ്പിയിലേക്ക്..
Mango Halwa – മാമ്പഴ ഹൽവ
മാമ്പഴം മിക്സിയിലടിച്ചത് – 1.5 കപ്പ്
പഞ്ചസാര – 1 കപ്പ്
കോൺഫ്ലവർ – അരക്കപ്പ്
വെള്ളം – അരക്കപ്പ്
നെയ്യ് – 4-5 ടേ. സ്പൂൺ
ഏലയ്ക്കപ്പൊടി – കാൽ ടീ സ്പൂൺ
നട്ട്സ് മുറിച്ചത് – കാൽ കപ്പ്
കോൺഫ്ലവർ വെള്ളത്തിൽ കലക്കി വെക്കുക.
ഹൽവ സെറ്റ് ചെയാനുള്ള പ്ലേറ്റ് നെയ്യ് പുരട്ടി വെക്കുക.
ഒരു അടിക്കട്ടിയുള്ള പാത്രത്തിൽ 2 ടേ. സ്പൂൺ നെയ്യൊഴിച്ച് ചൂടാക്കി ഇതിലേക്ക് മാമ്പഴമടിച്ചത് ചേർക്കുക. 3-4 മിനിറ്റ് ഇളക്കി കൊടുക്കുക.
ഇതിലേക്ക് കോൺഫ്ലവർ മിശ്രിതം ഒഴിച്ചു കൊടുക്കുക. തീ കുറച്ച് വെച്ച് നല്ലപോലെ ഇളക്കികൊണ്ടിരിക്കണം. ഒരു ടേ. സ്പൂൺ നെയ്യ് ഇട്ട് കൊടുക്കുക. ഹൽവയ്ക്ക് നല്ലൊരു തിളക്കം വരും. കട്ടിയായി വരുമ്പോൾ ഇതിലേക്ക് പഞ്ചസാരയിട്ട് മിക്സ് ചെയ്യുക.
നട്ട്സ്, ഏലയ്ക്കപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക. പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവമാവുമ്പോൾ ഒരു ടേ. സ്പൂൺ നെയ്യും കൂടെ ചേർത്തിളക്കി നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റി പരത്തി കൊടുക്കുക. എളുപ്പത്തിൽ പരത്താൻ ഒരു ചെറിയ ബൗളിന്റെ അടിയിൽ നെയ്യ് പുരട്ടി പരത്താനുപയോഗിക്കുക.
കുറിപ്പുകൾ:
1. പഞ്ചസാരയുടെ അളവ് ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ആവാം.
2. നട്ട്സ് നിങ്ങൾക്കിഷ്ടമുള്ള ഏതും ഇടാം.
3. നെയ്യും ഇളക്കലുമാണ് ഇതിന്റെ ഹൈലൈറ്റ്. അത്കൊണ്ട് ഇത് രണ്ടിനും ഒരു കുറവും വരുത്തരുത്.
4. നാരില്ലാത്ത മാമ്പഴം എടുക്കാൻ ശ്രദ്ധിക്കുക
5. വെള്ളവും പാലും സമാസമം മിക്സ് ചെയ്താണ് ഞാൻ ചേർത്തത്.
എന്ത് സംശയത്തിനും എന്റെ സഹായം ഉറപ്പ്.
അപ്പൊ കാണാട്ടൊ ! ! !