Pork Vindaloo പോർക്ക് വിന്താലു

Pork Vindaloo പോർക്ക് വിന്താലു

പാവങ്ങളിൽ പാവങ്ങളായ പന്നികളോട് അങ്ങനെ എനിക്ക് പ്രത്യേകിച്ച് വിരോധമൊന്നുമില്ലെങ്കിലും പൊതുവേ ഞാൻ കഴിക്കാറില്ല. പണ്ട് ഒറ്റയ്ക്ക് താമസിച്ചിരുന്ന അവസരങ്ങളിൽ ചില പരീക്ഷണങ്ങളൊക്കെ നടത്തി നോക്കിയിട്ടുണ്ടെന്നല്ലാതെ ഇവിടെയെത്തും വരെ ഈ വിണ്ടാലു എന്താണെന്ന് ഒരു പിടീമില്ലായിരുന്നു. അലു ഇട്ട പോക്കിരിയാണെന്ന് ധരിച്ചു വശാവുകേം ചെയ്തു…! സത്യം പറഞ്ഞാൽ പന്നിയുടെ തൊലിയ്ക്കു താഴെയുള്ള മാംസഭാഗത്തിൽ നമ്മുടെ ചിക്കനേക്കാൾ താഴ്ന്ന കൊഴുപ്പേയുള്ളൂ. പക്ഷേ ‘തൊലിയിടാത്ത പോർക്ക് കറി പഞ്ചാരയിടാത്ത പാൽപ്പായസം പോലെയാണ്’ എന്നാണ് ലോകപ്രശസ്ത പാചക വിദഗ്ദ്ധൻ Sir. Nis E Kant Gop E, ‘Ham will not make any Harm’ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്..;))
ഗോവൻസിന്റെ ഇഷ്ടവിഭവമായ വിൻഡാലു പോർച്ചുഗീസ് പദമായ “Carne de Vinha d’ Alhos” ൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. Pork with Wine and Garlic എന്നർത്ഥം. ചിക്കൻ വിണ്ടാലുവും മട്ടൻ വിണ്ടാലുവും മെസ്സിൽ കിട്ടിയിട്ടുണ്ട്. ആഫ്രിക്കാരുണ്ടാക്കുന്നതിന്റെ രുചിയൊക്കെ കണക്കുതന്നെ! അലു (ഉരുളക്കിഴങ്ങ്)വുമായി ബന്ധമില്ലെങ്കിലും അലു ഇട്ടും വിണ്ടാലു ഉണ്ടാക്കാറുണ്ട്. വളരെ സ്പൈസിയാണെന്നതാണ് ഈ വിണ്ടാലുവിന്റെ ഒരു പ്രശ്നം.
ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നമുക്കൊന്നു നോക്കാം.
വേണ്ട അനുസാരികൾ
1) എല്ലില്ലാത്ത സുന്ദരി/സുന്ദരൻ ആയ പന്നി – കിലോ ഒന്നര
2) കാശ്മീരി ചില്ലി – ഒരു പത്തുപതിനഞ്ചെണ്ണം (സ്വാഭാവിക രീതിയിൽ വയ്ക്കാൻ, അല്ലേൽ പൊടി പോതും. എരിവിനനുസൃതമായി മുളകിന്റെ എണ്ണത്തിൽ വ്യത്യാസം വരുത്തുക)
3) മല്ലിപ്പൊടി – 2 വലിയ സ്പൂൺ
4) മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
5) ഗ്രാമ്പൂ – അതുമൊരര
6) ഏലയ്ക്കാ – ഒരു ടീസ്പൂൺ
7) ഇലവർങ്ങം – ചെറിയ രണ്ടു തൊലി
8) പെരുംജീരകം – രണ്ട് ടീസ്പൂൺ
9) കുരുമുളക് – 2 ടീപൂൺ
10) വെള്ളുള്ളി – വലുതൊന്നും പിന്നെ അരമുറിയും
11) ഇഞ്ചി – നിർബന്ധമില്ലെങ്കിലും ഒരു ധൈര്യത്തിന് കൊഞ്ചം.
12) കടുക് – പൊട്ടിക്കാനാവശ്യമായത്
13) ഉരുളക്കിഴങ്ങ് (വേണേൽ) – അധികം വലിപ്പമില്ലാത്ത ഒരഞ്ചെണ്ണം
14) സവാള ഗിരി ഗിരി – മൂന്നോ നാലോ
15) കറിവേപ്പില/മല്ലിയില – അതില്ലാതെ സമാധാനം വരാത്തവർക്ക്
16) പഞ്ചാര – അല്ലാത്തവർക്ക് ഒരു ടീസ്പൂൺ
17) സസ്യെണ്ണ – ഒരു 100 ml
18) പാം വിനഗർ – 100 ml നോടടുപ്പിച്ച്
19) ഉപ്പ് – അവരവരുടെ സമ്മർദ്ദ നിലയനുസരിച്ച്
ഇനിയാണ് നമ്മൾ കാര്യപരിപാടിയിലേക്ക് കടക്കുന്നത്. മൂന്നു വട്ടം ശ്വാസം എടുത്തു നിർത്തി വിട്ടശേഷം മദാലസയായ പോക്കിരിക്കുട്ടിയുടെ മാംസം മീഡിയം വലിപ്പത്തിൽ ക്യൂബുകളായി കട്ടുക. ഈ സമയം ‘പടകാളിച്ചണ്ടിച്ചങ്കിരി പോർക്കറി മാക്കിറി’ എന്ന പാട്ട് ബായ്ക്ഗ്രൗണ്ടിൽ പ്ലേ ചെയ്ത് പോർക്കിനെ വന്ദിക്കാൻ മറക്കരുത്.
ഐറ്റംസ് 5, 6, 7, 8, 9 എന്നിവ വെള്ളം പറ്റാതെ സ്പൈസ് ഗ്രൈൻഡറിൽ പൊടിച്ചെടുക്കുക. ഇതിനു പകരം ഗരം മസാല ഉപയോഗിക്കാമെങ്കിലും അതിൽ മുളകുപൊടി, അയമോദകമടക്കം പല അന്യ മസാലകളും ചേരുന്നതിനാൽ പൊടിച്ചെടുക്കുന്നതാകും നല്ലത്. ഐറ്റംസ് 10, 11 വെള്ളം ചേർത്ത് കുഴമ്പാക്കുന്നതിനോട് എനിക്കു താൽപ്പര്യമില്ല. കുരു കുരു കുരാന്ന് അരിഞ്ഞു വെയ്ക്കുന്നതാണ് നല്ലത്. അതല്ല, കുഴമ്പാക്കണമെന്ന് ഉണ്ടെങ്കിൽ അങ്ങനെയുമാകാം. ഐറ്റം 13 ഉരുളക്കിഴങ്ങ് (ആവശ്യമെങ്കിൽ മാത്രം) തൊലിയോടെയോ അല്ലാതെയോ വേവിച്ച് അധികം ചെറുതാകാതെ കഷ്ണിച്ച് മാറ്റി വയ്ക്കുക. ഐറ്റം 14 എങ്ങനെ അരിയണമെന്ന് ആരേം പഠിപ്പിക്കേണ്ടല്ലോ. സോ അങ്ങനെ അരിയുക. കാശ്മീരി ചില്ലി തണ്ടുകളഞ്ഞ് ചെറുചൂടുവെള്ളത്തിൽ കുതിർത്തെടുത്തത് പേസ്റ്റുപോലെ നന്നായി അരച്ചെടുക്കുക.
[ഇടയ്ക്കിടെ വിണ്ടാലുവിന്റെ ഡിങ്കോൽഫി കാണാൻ എത്തുന്ന ഭർത്താക്കന്മാരുടെ ശല്യം ഒഴിവാക്കാൻ ‘സരക്ക് വച്ചിറുക്ക് പോർക്കടച്ചു വച്ചിറ്ക്ക്’ എന്ന പാട്ട് ഇട്ടുകൊടുക്കാവുന്നതാണ്. :))
ഇനി അതിസുന്ദരിമാർ മുഖത്ത് പുട്ടിയിടുന്ന കെയറോടെ ആദ്യം പൊടിച്ചതും പിന്നെ അരച്ചതും പിന്നെ അരിഞ്ഞതുമായ കൂട്ടുകൾ വിനാഗിരിക്കൊപ്പം ആവശ്യത്തിനു ഉപ്പുചേർത്ത് പോർക്കിയിൽ തേച്ചുപിടിപ്പിച്ച് ഒരു പാത്രത്തിൽ നന്നായി അടച്ചു വച്ച് ഒരു 45 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ആ ഗ്യാപ് ‘പോക്കിരിപ്പൂവ്’ എന്ന ഉത്തമ കുടുംബസീരിയൽ കാണാൻ ഉപയോഗിക്കാം. എന്നിട്ട് ആവശ്യത്തിനു വലിപ്പമുള്ള പാനെടുത്ത് വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചൂടായ ശേഷം കടുകിട്ട് പൊട്ടിച്ച് സവാള അരിഞ്ഞുവച്ചത് ഇട്ട് വഴറ്റുക. അധികം വന്ന മസാല പേസ്റ്റും മഞ്ഞൾ പൊടിയും കൂടി അതിൽ ചേർക്കുക. അവസാനം കറിവേപ്പില ഇടുക. തുടർന്ന് നമ്മുടെ പോർക്കിക്യൂബുകളെ അതിലിട്ട് മസാല ചുവക്കപ്പരുവം ആകും വരെ ഇളക്കുക. എന്നിട്ട് മൂടി വച്ച് അടയ്ക്കുക. ഇടയ്ക്കിടെ പോർക്കിയുടെ ഒരു സമാധാനത്തിനായി ഇളക്കിക്കൊടുക്കുക. ശേഷം ആവശ്യം വേണ്ട വെള്ളവും ഉപ്പും പഞ്ചസാരയും ചേർത്ത് ഒരു മീഡിയം ചൂടിൽ അടിക്കുപിടിക്കാത്ത രീതിയിൽ ഒരു മണിക്കൂർ വേവിക്കുക. തുടർന്ന് തണ്ടോടുകൂടിയ കറിവേപ്പിലയിട്ട് അൽപ്പം കൂടി ചൂടു കൊള്ളിച്ച ശേഷം വാങ്ങിവയ്ക്കുക. (ഉരുളക്കിഴങ്ങിനെ മറന്നതല്ല. വേവിച്ച് മുറിച്ചു വച്ചതായതിനാൽ വാങ്ങുന്നതിനു ഒരു 10 മിനിറ്റ് മുൻപ് അതിട്ട് ഉടായാതെ ഇളക്കണം, വേണേ വേണം വേണ്ടേ വേണ്ടാ..!)
അതിൽ ഒരു ഔൺസ് നല്ല റെഡ് വൈൻ ചേർക്കുന്നത് ഒരു പ്രത്യേക രുചി നൽകും. ഇത് നമ്മുടെ കേരള രുചിക്ക് പാകത്തിനുള്ള വിണ്ടാലുവാണ്. ഗോവൻ വിണ്ടാലുവിൽ ഏലയ്ക്കാ ഒന്നും ചേർക്കില്ല. ഒരു മാംസത്തിന്റെ പച്ചമണം എടുത്തു നിൽക്കും. വിണ്ടാലു മസാല കടകളിൽ വാങ്ങാൻ കിട്ടും. പേസ്റ്റും കിട്ടും. താൽപ്പര്യമുള്ളവർക്ക് ഒരൽപ്പം ടുമാറ്റോ പേസ്റ്റ് ചേർക്കാവുന്നതാണ്. അപ്പോൾ അങ്ങനെ നമ്മുടെ പോർക്ക് വിണ്ടാലു റെഡിയായിട്ടുണ്ട്

Nisikanth Gopi