Irachi Kozhi Tips – ഇറച്ചിക്കോഴി ടിപ്സ്

Irachi Kozhi Tips – ഇറച്ചിക്കോഴി ടിപ്സ്

ഇറച്ചി ഓർഡർ ചെയ്തിട്ട് പോയി പിന്നെ ചെന്ന് വാങ്ങുന്ന പരിപാടി ആദ്യം നിർത്തണം,അവിടെ നിന്ന് നമുക്ക് തൂക്കി തരുന്ന കോഴി തന്നെയാണ് വെട്ടി കവറിലാക്കി തരുന്നത് എന്നുറപ്പ് വരുത്തുക. കഴുത്തറത്ത് കോഴിയെ ഇടുന്ന വലിയ ഡ്രമ്മിൽ നമ്മൾ കാണാതെ തന്നെ ചത്ത കോഴികൾ ഉണ്ടാകാം, അത് ചിലപ്പോൾ തൂക്കം കുറഞ്ഞതോ ദിവസങ്ങള് പഴക്കമുള്ളതോ ആകാം.അതായിരിക്കും നമുക്ക് കിട്ടുന്നത്.

*
*
വെട്ടുന്ന സമയത്തോ കവറിലാക്കുന്ന സമയത്തോ പീസുകൾ മാറ്റി വയ്ക്കുകയോ താഴെ ഇടുകയോ ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം , ഒരു കവറിൽ നിന്നും ഒരു പീസ്‌ അടിച്ചു മാറ്റിയാൽ തന്നെ ഒരു ദിവസം കിലോക്കണക്കിന് ചിക്കൻ അവർ ലാഭിക്കും ,അത് കുറഞ്ഞ വിലക്ക് തട്ടുകടക്കാർക്കും മറ്റും വിറ്റു ലാഭമുണ്ടാക്കും.

*
*
അത് പോലെ ലിവർ പീസുകൾ കവറിൽ ഇടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം ,അതും മാറ്റി വച്ച് ഹോട്ടലുകാർക്ക് ലിവർ ഫ്രൈ ഉണ്ടാക്കാൻ കൊടുക്കും. ആ ലിവറിന്റെ വില കൂടെ ചേർത്താണ് നമ്മൾ തൂക്കി എടുക്കുമ്പോൾ കൊടുക്കുന്നത് എന്നത് ഓർക്കുക. ലിവർ നിങ്ങള്ക്ക് ഇഷ്ടമല്ലെങ്കിൽ വീട്ടില് പട്ടിക്കോ പൂച്ചക്കോ കൊടുക്കാം ,ഇല്ലെങ്കിൽ ചവറ്റു കുട്ടയിൽ ഇടാം ,എന്നാലും നമ്മളെ ചൂഷണം ചെയ്യാൻ അനുവദിക്കരുത്.

(എല്ലാ കടക്കാരും ഇങ്ങനെ ചെയ്യും എന്നല്ല ,എന്നാലും ചെയ്യുന്നവരും ഉണ്ട്.)

*
*
അത് കൊണ്ട് നല്ല പരിചയമുള്ള കടകളിൽ നിന്ന് മാത്രം വാങ്ങുക,വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കടകൾ ഒഴിവാക്കുക , അഴുക്കു ചാലിന് അടുത്തുള്ള കടകൾ , ബാർബർ ഷോപ്പിനു അടുത്തിരിക്കുന്ന കടകൾ തുടങ്ങിയവ ഒഴിവാക്കുക. തലമുടി പറന്നു വന്നു വീഴുമ്പോൾ അത് ജീവനുള്ള കോഴി തിന്നാലും ചത്ത കോഴിയുടെ ഇറച്ചിയിൽ വീണാലും ദോഷം നമുക്കാണ് .

*
*
വലിയ ഒരു കോഴി വാങ്ങുന്നതിലും നല്ലത് ചെറിയ രണ്ടു കോഴികൾ വാങ്ങുന്നതാണ്,അതാവുമ്പോൾ എല്ലാ തരം പീസുകളും ഇരട്ടി കിട്ടും ,ഉദാഹരണത്തിന് ഒരു കോഴിയാണെങ്കിൽ രണ്ടു ലെഗ് പീസ്‌ മാത്രമേ കിട്ടു ,രണ്ടു കോഴിയാണെങ്കിൽ നാലെണ്ണം കിട്ടും,അല്പ്പം സൈസ് കുറവായിരുക്കുമെന്നെയുള്ളൂ, അത് പോലെ എന്ത് ടൈപ്പ് റെസിപ്പി ആണ് ഉണ്ടാക്കാൻ പോകുന്നത് എന്ന് തീരുമാനമെടുത്തിട്ടു വേണം ഇറച്ചി കട്ട് ചെയ്യാൻ പറയുന്നത് , കുറുമാ , ഉലർത്ത് ,തോരൻ അല്ലെങ്കിൽ ചൈനീസ് പോലുള്ള റെസിപ്പിയാണ് ഉണ്ടാക്കുന്നതെങ്കിൽ “ചില്ലി ചിക്കൻ” സൈസിൽ വെട്ടി തരാൻ പറയുക , ഫ്രൈ ചെയ്യാനാണെങ്കിൽ വലിയ പീസും കറിയാണെങ്കിൽ മീഡിയം പീസും വെട്ടി തരും ,ഒന്നും പറഞ്ഞില്ലെങ്കിൽ അവർ മീഡിയം പീസിൽ ആണ് വെട്ടി തരാറ് എന്നറിയാമല്ലോ .

*
*
കോൾഡ് സ്റ്റോറേജില് നിന്നും ഒരിക്കലും വാങ്ങാതിരിക്കുക , സാധാരണ കടക്കാര് സ്മാൾ സ്കേൽ തട്ടിപ്പാണെങ്കിൽ ഇവർ ലാർജ് സ്കേലാണ് ,അത്രേയുള്ളൂ വ്യത്യാസം. വിദേശത്തു മറ്റും താമസിക്കുന്നവർ അതനുസരിച്ചുള്ള സ്റ്റോറുകൾ തിരഞ്ഞെടുക്കുക.

*
*
ഇനി വീട്ടിൽ കൊണ്ട് വന്നാൽ കവറ് പൊട്ടിച്ചു പീസുകൾ മുഴുവൻ വെള്ളത്തിൽ മുക്കി വയ്ക്കുന്നവർ ഉണ്ട് , ചിലർ പൈപ്പ് തുറന്നു വച്ച് ഒരഞ്ഞൂറു തവണ കഴുകിയെടുക്കും ,ചിക്കൻ കൂടുതൽ ഉണ്ടെങ്കിൽ കഴുകിയതിൽ നിന്നും കുറച്ചെടുത്ത് ഫ്രിഡ്ജിലും വയ്ക്കും …അതെല്ലാം തെറ്റാണ് . കോഴി കഴുകേണ്ട ആവിശ്യം ഇല്ല , രക്തമയം മുഴുവൻ കളഞ്ഞിട്ടു അത് ഫ്രിഡ്ജിൽ വച്ചാൽ ഒരിക്കലും ഫ്രഷ്‌ ആവില്ല ,ആ രക്തമയം ഉണ്ടെങ്കിൽ മാത്രമേ കോഴി ശുദ്ധമായി ഇരിക്കു.ഒരു പാട് നേരം വെള്ളത്തിൽ ഇട്ടാൽ പീസുകൾ ആ വെള്ളം വലിച്ചെടുക്കും ,കറി തിളയ്ക്കുമ്പോൾ ആ വെള്ളം ഊറി ഇറങ്ങി മസാലയുടെ അനുപാതം തെറ്റിക്കുകയും ചെയ്യും .

*
*
കറി ഉണ്ടാക്കുന്നതിനു തൊട്ട് മുൻപ് മാത്രം പീസുകൾ കഴുകുക ,അതും ഒറ്റ തവണ,ആ കഴുകുന്നത് ഇറച്ചിക്ക് വൃത്തി ഇല്ലാഞ്ഞിട്ടല്ല , കടയിൽ ഇറച്ചി വെട്ടുന്ന കത്തിയിലോ പലകയിലോ പരിസരത്തോ ഉള്ള അണുക്കളെ നീക്കം ചെയ്യാൻ മാത്രമാണ്, അത്രയ്ക്ക് ഹൈജീനിക്ക് ആണ് നിങ്ങൾ എങ്കിൽ ഒരു കാര്യം മാത്രം ചെയ്യാം ,ഒറ്റത്തവണ കഴുകി വെള്ളം തോർന്നതിനു ശേഷം ഉപ്പും മഞ്ഞളും നാരങ്ങാ നീരും തേച്ചു പിടിപ്പിച്ചു അര മണിക്കൂർ വച്ചോളു,എന്തെങ്കിൽ അണുബാധയോ ദുർഗന്ധമോ ഉണ്ടെങ്കിൽ അതോടെ പോയി കിട്ടും.

*
*
നാടൻ കോഴി കിട്ടുമെങ്കിൽ കഴിവതും ബ്രോയിലർ ഒഴിവാക്കുക.ബ്രോയിലർ കോഴിയുടെ ഹോർമ്മോണ്‍ കുത്തിവയ്പ്പും മറ്റും നമുക്ക് അറിയാവുന്നതാണ്,വളര്ന്നു വരുന്ന പെണ്‍കുഞ്ഞുങ്ങൾ തീർച്ചയായും .ബ്രോയിലർ കോഴി ഒഴിവാക്കേണ്ടതാണ് ,രണ്ടു കൊല്ലം കൊണ്ട് യൗവ്വനമെത്തേണ്ട കോഴി ഇരുപത് ദിവസം കൊണ്ട് പൂർണ്ണ വളർച്ചയെത്താൻ വേണ്ടി കുത്തി വയ്ക്കുന്ന ഹോർമ്മോണ്‍ അകത്തു ചെന്നാൽ കുട്ടികളിലും അമിത വളർച്ച ഉണ്ടാവുകയും വാർദ്ധക്യത്തിലെക്ക് പെട്ടന്നെത്തുകയും ചെയ്യും. അത് പോലെ പൈൽസ് ഉള്ളവരും ചിക്കൻ ഒഴിവാക്കുക.
നാടൻ കോഴിയും നാടൻ മുട്ടയും ശീലമാക്കുക ,കഴിവതും.

*
*
വലിയ ഫങ്ങ്ഷനും മറ്റും വരുമ്പോൾ ചില സ്ത്രീകൾക്ക് ടെന്ഷനാണ് , കോഴിയിറച്ചി എത്ര കിലോ വാങ്ങണം എത്ര പേർക്ക് വയ്ക്കണം ,തികയാതെ വരുമോ,ഈ ക്യാറ്റെരിംഗ് കാര് എങ്ങനെയാണു ആയിരക്കണക്കിന് പേർക്ക് ചിക്കൻ വച്ച് തികയ്ക്കുന്നത് എന്നൊക്കെ പല സംശയങ്ങളാണ് , അമ്പതു പേര് പങ്കെടുക്കുന്ന ഫങ്ങ്ഷൻ പോലും ഇന്ന് ക്യറ്റെരിംഗ് കാരാണ് ചെയ്യുന്നത്. സത്യത്തിൽ ഇന്നത്തെ വീട്ടമ്മമാരുടെ ഈ ഭയമാണ് ക്യാറ്റെറിംഗ് കാരുടെ വിജയം. അവർ ഉണ്ടാക്കുന്ന ചിക്കനിലെ ഇറച്ചി പീസുകളുടെ കറക്റ്റ് അളവ് ഇവിടെ പറയാം ,

*
*
ഒരു ശരാശരി ചിക്കൻ പീസ്‌ എന്ന് പറയുന്നത് അമ്പതു ഗ്രാം ആണ് തൂക്കം,ഒരാൾ രണ്ടു പീസ്‌ ചിക്കൻ കുറഞ്ഞത് കഴിക്കും ,അപ്പോൾ ഒരാൾക്ക് നൂറു ഗ്രാം ചിക്കൻ വേണം, അപ്പോൾ പത്തു പേർക്ക് ആയിരം ഗ്രാം അതായത് ഒരു കിലോ ചിക്കൻ വേണം, നൂറു പേർക്ക് പത്ത് കിലോ ,ഇരുന്നൂറു പേർക്ക് ഇരുപത് കിലോ..ഇതാണ് കണക്ക് രണ്ടോ മൂന്നോ കിലോ കണക്കില് കൂടുതലും ഇടും ,അതോടെ എല്ലാരും ഹാപ്പി. കസേരയും മേശയും മറ്റും വാടകയ്ക്ക് കിട്ടുന്ന ഹയർ സർവീസ് ഷോപ്പുകളിൽ വലിയ വാർപ്പും ചെമ്പും തവിയും അടുപ്പും സകലതും വാടകയ്ക്ക് കിട്ടും ,തുച്ചമായ വാടകയെ ഉള്ളു , അവർ വീട്ടില് കൊണ്ട് എത്തിക്കുകയും ചെയ്യും ,രണ്ടോ മൂന്നോ വീട്ടമ്മമാർ ഒത്തു ചേർന്നാൽ നൂറു പേർക്ക് സിമ്പിളായി ചിക്കനും റൈസും കൊടുക്കാം .

*
*
അപ്പോൾ ഇനി വീട്ടിൽ ഇത് പോലുള്ള ഫങ്ങ്ഷനുകൾ വരുമ്പോൾ ക്യട്ടെരിംഗ് കാരെ തേടി പോകാതെ കോഴിക്കറി സ്വന്തമായി ഉണ്ടാക്കുക.

Vinu Nair