നല്ല മഴയുള്ള ദിവസം ചൂട് കഞ്ഞിയുടെയോ ചൂട് ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ കിടിലൻ ഒരു ചമ്മന്തി. ഈ ചമ്മന്തി ഒരല്പം ഉണ്ടെങ്കിൽ കഞ്ഞിക്കലം എപ്പൊ കാലിയായെന്ന് ചോദിച്ചാൽ മതി
ഉണക്ക ചെമ്മീൻ ചമ്മന്തി
ചേരുവകൾ:
1. ഉണക്ക ചെമ്മീൻ – 1 1/2 കപ്പ്
2. തേങ്ങ ചിരകിയത് – 3/4 കപ്പ്
3. ചുവന്നുള്ളി – 6 എണ്ണം
4. വറ്റൽ മുളക് – 2 എണ്ണം
5. ഉപ്പ് – ആവശ്യത്തിന്
പാചകം ചെയ്യുന്ന രീതി:
1. ചെമ്മീൻ തലയും വാലും കളഞ്ഞ് വൃത്തിയാക്കി എടുക്കുക
2. ശേഷം നന്നായി കഴുകി വെള്ളം വാലാൻ വയ്ക്കുക
3. ഒരു പാനിൽ ചെമ്മീൻ ചേർത്ത് ചെറുതീയിൽ വറുത്ത് എടുക്കുക
4. ക്രിസ്പ് ആയി കഴിയുമ്പോൾ ഇറക്കി വച്ച് ചൂട് ആറാൻ വയ്ക്കുക
5. ചുവന്നുള്ളി, വറ്റൽമുളക് എന്നിവ ചെറുതീയിൽ വച്ച് ചുട്ട് എടുക്കുക (കനലിൽ ചുട്ട് എടുത്താൽ ടേസ്റ്റ് കൂടും)
6. തേങ്ങ ചിരകിയത്, ചെമ്മീൻ, ചുവന്നുള്ളി, വറ്റൽമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി പൊടിച്ചെടുക്കുക