വീണ്ടും എൻ് നാടിന്റെ പ്രത്യേകത .. ഈസ്റ്റർ ദിനങ്ങൾ ഞാൻ ആഘോഷിക്കുന്നത് ,ക്രിസ്ത്യൻ സുഹൃത്തുക്കൾ തന്ന ഇണ്ടറിയപ്പം കഴിച്ചിട്ടാണെങ്കിൽ .. അവർ വിഷു ആഘോഷിക്കുന്നത് ,എൻടെ ‘അമ്മ ഉണ്ടാക്കിയ അരിപ്പയസം കഴിച്ചിട്ടാണ് ..!
അരി പായസം Aripayasam
ശെരിക്കും ഒരു ദിവസത്തെ പണിയാണ് അരിപ്പയസം ഉണ്ടാക്കൽ ,തേങ്ങാപാൽ പിഴിയൽ , പായസം ഇളക്കി വറ്റിക്കൽ എന്നിവ …
അമ്മക്ക് മക്കളിൽ മൂന്നാമത്തെ ആളാണ് ,വെല്ലുമ്മച്ചി കൊടുത്ത ഓട്ടുരുളി ..അതിലെ പായസം വെക്കാറുള്ളു.. അതിൽ വെച്ചാല്‍ നന്നാവൂ, അമ്മയുടെ ഗമ കാണണമെങ്കിൽ..പായസം ഇളക്കി വറ്റിക്കുമ്പോളുള്ള നിപ്പ് കാണണം ,എളിക്ക് ഒരു കൈ കൊടുത്തു മറ്റേ കയ്യിൽ ചട്ടുകം പിടിച്ചു ,തിളയ്ക്കുന്ന പായസത്തിന്റെ മുമ്പിൽ ഞാൻ എന്ന ഭാവത്തിൽ ഉള്ള നിപ്പ് ..പെങ്ങൾ പറയും.. ” കല്യാണം കഴിയുമ്പോൾ ഞാൻ ഈ ഉരുളി കൊണ്ടുപോകും എന്ന്”.. എന്ന കഷ്ടമാ അല്ലെ ..??
5 തേങ്ങാ ചിരണ്ടി ഉടച്ചിട്ടു ,വെള്ളം ചേർക്കാതെ ഒന്നാം പാൽ തയാറാക്കണം .. വൃത്തിയുള്ള തുണിയിൽ അത് പിഴിഞ്ഞെടുക്കൽ എൻ്റെ ജോലിയാണ് .. പിഴിഞ്ഞ തേങ്ങാ പീര മിക്സിയിൽ ഒന്നുടച്ചു വെള്ളം ചേർത്ത് പിഴിഞ്ഞിടെത്തൽ രണ്ടാം പാലും ആയി ..അത് ഏകദേശം 3 ലിറ്റർ വരും ..നല്ലതുപോലെ ഒന്നും രണ്ടും പാൽ എടുത്താൽ ,മൂന്നാം പാലിന് പിന്നെ പറ്റുമെന്ന് തോന്നുന്നില്ല
അരകിലോ വീതം പുന്നെല്ലരിയും ,ചെറുപയർ പരിപ്പും ആവശ്യത്തിന് വെള്ളമൊഴിച്ചു ഓട്ടുരുളിയിൽ വേവിക്കുക .. നല്ലതുപോലെ വെന്തു വെള്ളം കുറച്ചു വറ്റുമ്പോൾ രണ്ടാം പാലും, ഒന്നര കിലോ ശർക്കര ഉരുക്കി അരിച്ചെടുത്തതും ചേർത്ത് ഇളക്കി വീണ്ടും വറ്റിക്കുക ..മീഡിയം തീയിൽ നല്ലതുപോലെ ഇളക്കി തന്നെ വറ്റിക്കണം ..അടിക്കു പിടിക്കാതെ ശ്രദ്ധിക്കണം ….ആവശ്യത്തിന് കുറുകി പാകമാകുമ്പോൾ , ഒന്നാം പാലിൽ ഏലക്ക ,ജീരകം ,ചുക്ക് എന്നിവ പൊടിച്ചു മിക്സ് ചെയ്തു ഇളക്കി പായസത്തിൽ ഒഴിക്കാവുന്നതാണ് .. നെയ്യും ,നെയ്യിൽ വാര്‍ത്ത തേങ്ങാകൊത്തും ,കശുവന്ദി പരിപ്പും ഉണക്ക മുന്തിരിയും കടലയും ചേർത്ത് പായസം വാങ്ങാവുന്നതാണ് .. ഒന്നാം പൽ ഒഴിച്ചതിനു ശേഷം പായസം തിളക്കാൻ പാടില്ല ..
രുചി നോക്കുന്നതിനു മുമ്പ് , ‘അമ്മ, പായസം കുറച്ചു അടുപ്പിൽ കളയും..സ്വയം എരിഞ്ഞു നമുക്ക് രുചി സമ്മാനിക്കുന്ന തീക്കനലിനും അടുപ്പിനും ഉള്ള വിഹിതം .. പിന്നെയും ഉണ്ട് നിയമനങ്ങൾ , പായസം ഉണ്ടാക്കുമ്പോൾ അഭിപ്രായം പറയാൻ പാടില്ല.. ചിലപ്പോ ഞാനോ പെങ്ങളോ അറിയാതെ പറയാൻ തുടങ്ങു .. ” ഹായ് നല്ല ..!!” .. അപ്പൊ ‘അമ്മ ചട്ടുകം ചൂണ്ടി പറയും ,. “മണ്ടു പിള്ളേരെ ,,പോ രണ്ടും അപ്പുറത്തു ”
ലോജിക് ഇല്ലെങ്കിലും , ഇതൊക്കെ ഒരു ശെരിയാണ് .. ഇതൊക്കെ ഇങ്ങനെ തന്നെ മതി