ഉപ്പ് മാങ്ങാ ചമ്മന്തി Uppumaanga Chammanthi Chutney with Green Mangoes in Brine

Uppumaanga Chammanthi Chutney

ഉപ്പുമാങ്ങ കൂട്ടാനിഷ്‌ടമില്ലാത്ത മലയാളികള്‍ കുറവായിരിക്കുമല്ലോ . ഉപ്പുമാങ്ങയുടെ പഴയ രുചി യാന്ത്രിക ലോകത്തില്‍ നഷ്‌ടമായെന്ന്‌ പരിതപിക്കുന്നവരുണ്ട്‌. കൊതി മൂക്കുമ്പോ ഞാനും ഇച്ചിരി മാങ്ങാ വാങ്ങിച്ചു , ഉപ്പുമാങ്ങ ഉണ്ടാക്കാറുണ്ട്…പക്ഷേ, ഭരണിയില്‍ ഒന്നും കെട്ടി വെക്കില്ലാ ട്ടോ… ചില്ലുകുപ്പിയിലോ മറ്റോ, അഞ്ചോ ആറോ മാങ്ങാ,അത്ര തന്നെ….

മാങ്ങകള്‍ വൃത്തിയായി കഴുകി എടുക്കുക. കേടുള്ളതോ പൊട്ടിയതോ ആയ മാങ്ങകള്‍ ഉപയോഗിക്കരുത്‌. ചൂടാക്കി തണുപ്പിച്ച വെള്ളമാണ്‌ ഉപ്പുമാങ്ങയിടാന്‍ ഉത്തമം. കുപ്പിയില്‍ മാങ്ങ, ഉപ്പ്‌ എന്ന രീതിയില്‍ ഇടവിട്ട്‌ വെള്ളവും ചേര്‍ത്ത്‌ അടച്ച്‌ ഭദ്രമായി വയ്ക്കണം. ഉപ്പ്‌ ഇനിയും വേണമെന്ന്‌ തോന്നിയാല്‍ കുറച്ച്‌ കൂടെ ചേര്‍ക്കാം. നന്നായി സീല്‍ ചെയ്യണം. അതിനുശേഷം ഏറ്റവും പുറമേ ഒരു തുണിയോ പ്ലാസ്റ്റിക്ക് ഷീറ്റോ വച്ച് മൂടിക്കെട്ടുകയും ചെയ്യാം. ഇനി കുപ്പിയെ ശല്യപ്പെടുത്താതെ ഏതെങ്കിലും ഒഴിഞ്ഞ മൂലയില്‍ സ്ഥാപിക്കുക. ഒരു മാസമൊക്കെ കഴിഞ്ഞാല്‍ വേണമെങ്കില്‍ ഉപ്പുമാങ്ങ പുറത്തെടുക്കാം.

ഇനി നമുക്ക് ഈ ഉപ്പുമാങ്ങാ എടുത്തു ഒന്നു ചമ്മന്തി അരച്ച് നോക്കാം 🙂

ആവശ്യമുള്ള ചേരുവകൾ:

1: ഉപ്പ് മാങ്ങ (അരിഞ്ഞത്) : 3 എണ്ണം
2:ചെറിയ ഉള്ളി: 8 എണ്ണം
3:ഇഞ്ചി : ഒരു ചെറിയ കഷണം
4: കാ‍ന്താരി മുളക്: 6 എണ്ണം
5. വറ്റല്‍ മുളക് – 6-8 എണ്ണം
6. വെളുത്തുള്ളി – 2 അല്ലി
7 തേങ്ങ ചിരകിയത് : 1/ 4 കപ്പ്
8:കറിവേപ്പില – 2 തണ്ട്
9. വെളിച്ചെണ്ണ – 1 ½ tsp

പാചകം ചെയ്യേണ്ട വിധം:

ഉപ്പ് മാങ്ങ ചെറിയ കഷണങ്ങള്‍ ആക്കി അരിഞ്ഞത്, ഉള്ളി, ഇഞ്ചി, കാ‍ന്താരി മുളക്, വെളുത്തുള്ളി , വറ്റല്‍ മുളക് , കറിവേപ്പില, ചിരകി വെച്ചിരിക്കുന്ന തേങ്ങ എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
നന്നായി അരച്ചെടുത്തതിനു ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website