മാമ്പഴം ജാം Mango Jam

മാമ്പഴം അവസാനം അങ്ങനെ തീർത്തു. ഒന്ന് ബാക്കിയുണ്ടായിരുന്നു. ലിസ്റ്റിൽ ഉണ്ടാക്കാൻ ബാക്കിയുണ്ടായിരുന്ന രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. ജാമും ഐസ്ക്രീമും. ഒരുപാടാലോചിച്ച് അവസാനം ജാം തന്നെ ഉണ്ടാക്കാൻ തീരുമാനിച്ചു. വളരെ എളുപ്പമുള്ള ഒരു റെസിപ്പിയാട്ടൊ.

മാമ്പഴം ജാം Mango Jam

നല്ല മണം.
നല്ല നിറം.
പിന്നെ നല്ല ഗുണം.

എല്ലാം ഗ്യാരണ്ടി.

അപ്പൊ റെസിപ്പിയിലേക്ക്.

ആവശ്യമുള്ള സാധനങ്ങൾ:

മാമ്പഴം വെള്ളം ചേർക്കാതെ അരച്ചത് – 1.5 കപ്പ്
പഞ്ചസാര – 1 കപ്പ്
നാരങ്ങാനീര് – ഒരു വലിയ നാരങ്ങയുടേത്

അതെ. ഇത്രേ ആവശ്യമുള്ളൂ.

ഇനി അടികട്ടിയുള്ള ഒരു പാത്രത്തിൽ മാമ്പഴം അരച്ചതൊഴിച്ച് തിളപ്പിക്കുക. ഫ്ലേം ഹൈ.

തിളച്ച് വരുമ്പോൾ ഇതിലേക്ക് പഞ്ചസാര ഇട്ടിളക്കി കൊടുക്കുക. പഞ്ചസാര മൊത്തം അലിഞ്ഞാൽ ഈ മിശ്രിതത്തിന് ഒരൽപം അയവ് വരും. നിറവും അൽപം മാറും. ഇനി ഫ്ലേം മീഡിയം.

നല്ലപോലെ ഇളക്കി കൊണ്ടേയിരിക്കുക. ഇതിലേക്ക് നാരങ്ങാനീരൊഴിച്ച് ഇളക്കുക. വീണ്ടും ഇളക്കുക. നിർത്താതെ ഇളക്കണം ഇത് നല്ല കൊഴുത്ത് വരും.

റെഡിയായോന്നറിയാൻ ഒരു ഗ്ലാസ് പ്ലേറ്റിലോ സോസറിലോ ഒരൽപം ഇട്ട് ചെരിച്ച് നോക്കുക. ഒഴുകാതെ നിക്കുന്നുണ്ടെങ്കിൽ ജാം റെഡി.

ഒരൽപം ചൂടോടുകൂടെ തന്നെ കുപ്പിയിലാക്കുക. മൂടിവെക്കരുത്. നല്ലപോലെ തണുത്തശേഷം അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

കുറിപ്പുകൾ:
ജാമിൽ പെക്ടിൻ എന്ന വസ്തു ഉപയോഗിക്കുന്നതു കൊണ്ടാണ് അതിന്റെ ടെക്സ്ചർ ജെല്ലിപോലെ ഇരിക്കുന്നത്. എല്ലാ സിട്രസ് ഫ്രുട്ട്സിലും ഇതുണ്ട്. പിന്നെ ആപ്പിൾ പപ്പായ എന്നിവയിലും. നമ്മൾ കടയിൽ നിന്നും വാങ്ങുമ്പോൾ അവരതിൽ ആർട്ടിഫിഷൽ പെക്ടിനാവും ഉപയോഗിക്കുക. ഇതൊഴിവാക്കാനാണ് നാരങ്ങ ഉപയോഗിക്കുന്നത്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പെക്ടിനാണ് നമ്മുടെ ജാമിനെ ജാമാക്കാൻ സഹായിക്കുന്നത്. ഇതിന് വേണ്ട നിറം മണം ഫ്ലേവർ ഒക്കെ അതുപോലെ നിലനിർത്തുന്നതും ഇവൻ തന്നെ. ജാമിന്റെ അളവ് കൂട്ടുന്നതിലും നാരങ്ങ നമ്മെ സഹായിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ പുള്ളിക്കാരൻ സ്റ്റാറാ…

പഞ്ചസാരയാണ് നമ്മടെ പ്രിസർവേറ്റീവ്.. അതു കൊണ്ട് അതിലൊരിക്കലും കുറവ് വരുത്തരുത്.

നിർത്താതെ ഇളക്കണം. അല്ലെങ്കിൽ അടിപ്പിടിക്കുകയോ കട്ടകുത്തുകയോ ചെയ്തേക്കാം.

ഒരുപാട് കുറുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ജാം ഇട്ട് വെക്കുന്ന ബോട്ടിൽ, ഉപയോഗിക്കുന്ന സ്പൂൺ എന്നിവയിൽ നനവ് ഇല്ലെന്നുറപ്പു വരുത്തുക. സൂക്ഷിച്ചാൽ വളരെ കാലം ഇരിക്കും

Minu Anish