25 ദിവസം കൊണ്ട് മുന്തിരി വൈൻ – Grape wine within 25 Days
വൈൻ ഇല്ലാതെ എന്തു ക്രിസ്തുമസ്സ്.
#ആവശ്യമായ സാധനങ്ങൾ#
കറുത്ത മുന്തിരി – 3 കിലോ
തിളപ്പിച്ചാറിയ വെള്ളം – 2 ലിറ്റർ
ഈസ്റ്റ് – 2 സ്‌പൂണ് (2 ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഇട്ട് 10 മിനിറ്റു വെച്ച ശേഷം കലക്കി എടുക്കുക)
ഗോതമ്പ് – ഒരുപിടി (കിഴി കെട്ടി എടുക്കുക)
ഗ്രാമ്പു- 10 എണ്ണം
ഏലക്ക- 5 എണ്ണം
പട്ട – ചെറിയ 4 എണ്ണം
പഞ്ചസാര – 2 കിലോ
ആദ്യമായി ഒരു ഗ്ലാസ് ഭരണിയോ പഴയ കാലത്തു അച്ചാർ ഒകെ ഇട്ടുവെക്കുന്ന ഒരു ഭരണിയോ കഴുകി തുടച്ചു ഉണക്കി എടുക്കുക. ഞാൻ 3 കിലോ മുന്തിരിയാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യമായി കഴുകി വെള്ളം തോർത്തി വെച്ചിരിക്കുന്ന മുന്തിരി ഭരണിയുടെ ഏറ്റവും അടിയിലെ തട്ടിലായി ഇടുക. അതിനു മുകളിൽ പഞ്ചസാര വിതറുക, വീണ്ടും മുന്തിരി ഇട്ടു പഞ്ചസാര വിതറുക. ഏറ്റവും മുകളിലായി മുന്തിരി ഇട്ടു പഞ്ചസാര വിതറി തിളപ്പിച്ചാറിയ ഈസ്റ്റ് വെള്ളം ഒഴിക്കുക. പിന്നീട് തിളപ്പിച്ചാറിയ ശുദ്ധ ജലം മുന്തിരിയുടെ അല്പം മുകളിൽ നിൽക്കുന്ന രീതിയിൽ ഒഴിക്കുക. ശേഷം കിഴി കെട്ടി വെച്ച ഗോതമ്പും ഗ്രാമ്പു,ഏലക്ക,പട്ട എന്നിവയും ചേർത്ത ശേഷം ഒരു വെള്ള തോർത്തുകൊണ്ടു ഭരണിയുടെ മുകൾ ഭാഗം മുറുക്കി കെട്ടി 3 ദിവസം അനക്കാതെ ഇരുട്ടുള്ള ഒരു ഭാഗത്തു മാറ്റി വയ്ക്കുക. നാലാമത്തെ ദിവസം മുതൽ എല്ലാ ദിവസവും ഒരു മര തവി കൊണ്ടു ഇളക്കി കൊടുക്കുക. 15 ദിവസം ഇങ്ങനെ ചെയ്യുക. പിന്നീടുള്ള ഒരു 5 ദിവസം അനക്കാതെ വെയ്ക്കുക. ക്രിസ്തുമസിന്റെ തലേന്ന് തുണികൊണ്ട് പിഴിഞ്ഞു അരിച്ചെടുത്തു കുപ്പികളിൽ ആക്കി മാറ്റി ഉപയോഗിക്കുക.
ഓർക്കുക ഈസ്റ്റ് 2 സ്പൂണ് ഇട്ടാൽ മാത്രമേ ഫെർമെന്റഷൻ പ്രോസസ് വേഗത്തിൽ ആകുകയുള്ളൂ. കൂടുതൽ ദിവസം കുപ്പികളിൽ ഇരുന്നാൽ നന്ന്.