കോളിഫ്ലവർ മസാല Cauliflower Masala

കോളിഫ്ലവർ മസാല Cauliflower Masala

ആവശ്യമുള്ളത് :-

കോളിഫ്ലവർ 1 മീഡിയം വലുപ്പത്തില്‍ ഉള്ളത്
ഗ്രീന്‍ പീസ്‌ 200 ഗ്രാം
വലിയ ഉള്ളി/ സവാള – രണ്ടെണ്ണം.
തക്കാളി – രണ്ടെണ്ണം ചെറുത്.
വെളുത്തുള്ളി- ഇഞ്ചി അരച്ചത് – അര ടീസ്പൂൺ.
പച്ചമുളക് – രണ്ടെണ്ണം.
ജീരകം – കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി – അരടീസ്പൂൺ.
മുളകുപൊടി – കാൽ ടീസ്പൂൺ.
വെജിറ്റബിൾ മസാല – ഒരു ടീസ്പൂൺ.
മല്ലിയില – കുറച്ച്.
പാചകയെണ്ണ. ആവശ്യത്തിനു
ഉപ്പ്. ആവശ്യത്തിനു

കോളിഫ്ലവർ ഇതളുകൾ വേർതിരിച്ചെടുക്കുക. കുറച്ച് ചൂടുവെള്ളത്തിൽ അല്പം ഉപ്പിട്ട്, അതിൽ കോളിഫ്ലവർ ഇതളുകൾ മുക്കിയിടുക. ഗ്രീന്‍ പീസ്‌ കുറച്ചു വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ത്തു വേവിച്ചു വെക്കുക.
ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ ചെറുതാക്കി മുറിച്ചുവയ്ക്കുക. ഒരു പാത്രത്തിൽ പാചകയെണ്ണ ചൂടാക്കി, അതിൽ ജീരകം ഇടുക. അതു മൊരിഞ്ഞാൽ, ഉള്ളിയും, പച്ചമുളകും ഇട്ട് നന്നായി വഴറ്റി വേവിക്കുക. ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് ചേർക്കുക. അതിൽ തക്കാളി ഇടുക. അതും വഴറ്റി വെന്താൽ, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാലപ്പൊടി എന്നിവ ഇടുക. നന്നായി ഇളക്കി യോജിപ്പിക്കുക. തീ കുറച്ച് വെച്ചുവേണം എല്ലാം ചെയ്യാൻ. അതിലേക്ക്, നന്നായി കഴുകിയെടുത്ത കോളിഫ്ലവർ ഇതളുകൾ ഇട്ട് ഇളക്കുക. വേവിച്ചു വെച്ചിരിക്കുന്ന ഗ്രീന്‍ പീസുകളും ചേര്‍ക്കുക. ഉപ്പിടുക. അത്യാവശ്യം വെള്ളമൊഴിച്ച് അടച്ചുവെച്ച് വേവിക്കുക. അധികം വെള്ളമൊഴിച്ചാൽ കോളിഫ്ലവർ അധികം വെന്തുപോകും. വെള്ളം ആദ്യം ചേർത്ത്, അതൊന്ന് തിളച്ചശേഷം കോളിഫ്ലവർ ഇട്ടാലും മതി.
വെന്ത് വാങ്ങിവെച്ചാൽ അതിൽ മല്ലിയില അരിഞ്ഞത് ഇടണം.
വെജിറ്റബിൾ മസാല ഇല്ലെങ്കിൽ ഗരം മസാല ഇട്ടാലും മതി.

Indu Jaison